Sunday, June 19, 2011

രണ്ടു കവിതകള്‍

ഭൂമിയെക്കുറിച്ച്

കീഴ്വഴക്കങ്ങളെക്കുറിച്ച്
ഒന്നുമറിഞ്ഞിരുന്നില്ല
ആരും പറഞ്ഞുതന്നതുമില്ല
അതുകൊണ്ടാവാം
വഴിയ്ക്കുകണ്ടതും
വെയില്‍ മുഖം കറുപ്പിച്ചു
പെയ്യാനിരുന്ന മഴമേഘം
നീരസത്തോടെ
ആകാശം ചാരി മാറിയിരുന്നു

ഞാനിപ്പോളോര്‍ക്കുന്നത്
ഈ ഭൂമിയെക്കുറിച്ചാണ്
മരങ്ങളുടെയും ചെടികളുടെയും
മനുഷ്യരായ മനുഷ്യരുടേയും
വേരുകളള്ളിപ്പിടിച്ച്
ചുറ്റിപ്പിണഞ്ഞ്
എത്രയസ്വസ്ഥപ്പെടുന്നുണ്ടാവും

ആഴ്ന്നതും
പടര്‍ന്നതും
പറ്റിപ്പിടിച്ചതും
അങ്ങനെയങ്ങനെയെല്ലാറ്റിനെയും
കുലുക്കിക്കുടഞ്ഞെറിഞ്ഞ്
സ്വതന്ത്രയാവാന്‍
വല്ലപ്പോഴുമെങ്കിലും
ശ്രമിക്കുന്നെങ്കിലുമുണ്ടല്ലോ !

ചൂട്ട്

രാവേറെച്ചെന്നപ്പോള്‍
ദൂരെയൊരു തീവെട്ടം
നീങ്ങി നീങ്ങിപ്പോകുന്നതു കണ്ടു

ഇരുട്ടില്‍
തീകൊണ്ടു വരച്ച്
വഴിതെളിക്കുന്നവരെപ്പറ്റിയോര്‍ക്കുകയായിരുന്നു
ചാക്കുനൂലുകൊണ്ടു പൊതിഞ്ഞതവരുടെ
സ്വപ്നങ്ങളായിരിക്കും

തീവരകള്‍
തോടുചാടിക്കടന്ന്
പാമ്പിഴഞ്ഞ നനവാര്‍ന്ന
പുല്‍വഴികള്‍ തെളിച്ച്
ഒരു പാട്ടിനൊപ്പം
അകന്നിരിക്കും

തീകൊണ്ടവര്‍ വരച്ചുപോകുന്നത്
തീരാത്ത
വേദനകളായിരിക്കും.

2 comments:

- സോണി - said...

എത്ര കുലുക്കിയെറിഞ്ഞാലും സ്വതന്ത്രയാവാന്‍ കഴിയാത്ത നമ്മുടെ പാവം ഭൂമി. അത് വല്ലപ്പോഴും ഒന്ന് ദീര്‍ഘമായി നിശ്വസിക്കുന്നതിനെ കുലുക്കം എന്ന് വിളിക്കുകയും പഴിക്കുകയും ചെയ്യുന്ന നാം...

Unknown said...

:)

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP